Articles Cover Story Details

സ്വദേശ-വിദേശ മാധ്യമങ്ങൾ കഴുത്തുഞെരിക്കപ്പെട്ട വിധം

Author : കുൽദീപ് നയ്യാർ

calender 26-08-2025

പ്രതിപക്ഷത്തുള്ളവരെ വ്യാപകമായി അറസ്റ്റ് ചെയ്യുവാനും പത്രങ്ങളുടെ വായ്‌ മൂടി കെട്ടുവാനുമുള്ള ആസൂത്രിതമായ നീക്കം അതിവേഗത്തിലും ഏറ്റവും കൃത്യതയോടെയും നടപ്പാക്കപ്പെട്ടു. രക്തച്ചൊരിച്ചിൽ ഇല്ലാത്ത അട്ടിമറി.

ഇന്ത്യയൊട്ടാകെ ജനങ്ങൾ വിവേചനരഹിതമായി അറസ്റ്റിലായി. 'പൊതുതാത്പര്യ പ്രകാരം ഇന്നയാൾ അറസ്റ്റു ചെയ്യപ്പെട്ടു എന്ന് മാത്രമേ വാറന്റിൽ ഉണ്ടാകൂ. ഏതെങ്കിലും ഒരു നിയമം അവർ ലംഘിച്ചുവെന്നു പറയുന്നുണ്ടാവില്ല. ഒരു കോടതിയിലും അവർ വിചാരണ നേരിട്ടിട്ടുണ്ടാവില്ല. പല സംസ്ഥാനങ്ങളിലും അറസ്റ്റ് നടപ്പാക്കുന്നതിനുള്ള ആദ്യത്തെ രേഖ ആയ പ്രഥമവിവര റിപ്പോർട്ടിന്റെ ഒരു മാതൃക, ആവശ്യമായ ഭാഗം പൂരിപ്പിക്കത്തക്ക വിധത്തിൽ തയാറാക്കി സൈക്ലോസ്റ്റൈൽ ചെയ്തു കോപ്പി എടുത്ത് ജില്ലാ പോലിസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു.

അതുപോലെ വിദേശ പത്രപ്രവർത്തകരെ പുറത്താക്കുന്നതിനുള്ള ഉത്തരവും മുൻകൂട്ടി ടൈപ്പ് ചെയ്ത് തയാറാക്കിവച്ചിരുന്നു. ബംഗ്ലാദേശ് പ്രശ്നത്തിന്റെ സമയത്ത് പാകിസ്ഥാൻ ഭരണകൂടത്തിന്റെ അതിക്രമങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ ലണ്ടൻ ടൈംസ് ലേഖകൻ പീറ്റർ ഹേസൽഹർസ്റ്റ്, ന്യൂസ് വീക്കിന്റെ ലോറെൻ ജെങ്കിൻസ്, ലണ്ടൻ ഡെയിലി ടെലിഗ്രാഫിന്റെ പീറ്റർ ഗിൽ എന്നിവർ ഇത്തരം ഉത്തരവുകൾ ലഭിച്ചവരാണ്. ഉത്തരവിൽ പറയുന്നത്, അവർക്ക് ഇന്ത്യയിൽ ഇനി തുടരാനാവില്ലെന്നും, 24 മണിക്കൂറിനുള്ളിൽ അവർ നാടുവിടണമെന്നും, പിന്നീട് ഇന്ത്യയിലേക്ക് വരാൻ പാടില്ലെന്നും 'രാഷ്ട്രപതിയുടെ പേരിൽ അറിയിക്കുന്നുവെന്നാണ്. ജെങ്കിൻസ് ഇങ്ങനെ എഴുതുന്നു: 'ഫ്രാങ്കോയുടെ സ്പെയിൻ മുതൽ മാവോയുടെ ചൈന വരെ ലോക വാർത്തകൾ റിപ്പോർട്ട് ചെയ്ത പത്തുവർഷത്തിനിടയിൽ ഇത്രയേറെ കർക്കശവും സമഗ്രവുമായ ഒരു സെൻസർഷിപ്പ് ഞാൻ അനുഭവിച്ചിട്ടില്ല"

പുറത്താക്കൽ രീതി ഒരേപോലെയായിരുന്നു. പൊലീസ് വാതിലിൽ മുട്ടുന്നു, ഉത്തരവ് നൽകുന്നു. കടലാസുകൾ സെർച്ച് ചെയ്യുന്നു. ഒരു മണിക്കൂറിനകം അവർ മടങ്ങിപ്പോകുന്നു.

പത്രപ്രവർത്തകരെ ഇത്തരത്തിൽ പുറത്താക്കിയതിൽ വിദേശത്തുള്ളവർ ഞെട്ടിയെങ്കിലും, ഇന്ത്യ ഒരിക്കലും ഒരു ജനാധിപത്യ രാജ്യം ആയിരുന്നില്ലെന്നും, ഇന്ത്യൻ ധിഷണയ്ക്ക് ബ്രിട്ടീഷ് പാർലമെന്ററി സമ്പ്രദായം യോജിച്ചതല്ലെന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ചിലർ ശ്രമിച്ചു. ഇതിനൊരു അനുഭാവസ്വരം ഉണ്ടെങ്കിലും വിചാരണ കൂടാതെ ജനങ്ങളെ തടവിൽ വയ്ക്കുന്നതിനെക്കുറിച്ചും, മുൻപൊരിക്കലും ഇല്ലാത്ത വിധത്തിൽ പത്രങ്ങളുടെ വായ്‌ മൂടിക്കെട്ടിയതിനെ സംബന്ധിച്ചും അവർക്ക് ആത്മാർത്ഥമായ ഉത്കണ്ഠ ഉണ്ടായിരുന്നു.

രാജ്യത്ത് പ്രതീക്ഷിച്ചതുപോലെ തന്നെയാണ് കാര്യങ്ങൾ നടന്നതെങ്കിൽ വിദേശത്തെ പ്രതികരണങ്ങളും പ്രതീക്ഷിച്ചതു പോലെയായിരുന്നു. വിചാരിച്ചതു പോലെതന്നെ പാശ്ചാത്യലോകം ശ്രീമതി ഗാന്ധിയുടെ ചെയ്തികളിൽ അമ്പരന്നു. അച്ഛൻ സൃഷ്ടിച്ചതിനെ മകൾ കൊലചെയ്തു.

പക്ഷേ, ഒരു വിദേശരാജ്യവും ഔദ്യോഗികമായി ഒന്നും പറഞ്ഞില്ല. അതൊരു 'ആഭ്യന്തര' കാര്യമായിട്ടാണ് അവർ കണക്കാക്കിയത്. ന്യൂഡൽഹിക്ക് അക്കാര്യത്തിൽ സന്തോഷമായിരുന്നുവെങ്കിലും പാശ്ചാത്യ മാധ്യമങ്ങളുടെയും ചില സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ശക്തമായ വിമർശനത്തോട് അമർഷത്തോടെയാണ് പ്രതികരിച്ചത്.

ഇന്ത്യയുമായി വൈകാരികമായ ബന്ധം പുലർത്തുന്ന ഇംഗ്ലണ്ട് പരിഭ്രാന്തരായി. എന്തൊക്കെയൊയാലും ബ്രിട്ടീഷ് പാർലമെന്ററി സമ്പ്രദായമാണല്ലോ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. സ്വതന്ത പത്രപ്രവർത്തനത്തിന്റെ മരണം സംഭവിച്ചുവെന്ന തോന്നൽ ശക്തമായി. ലണ്ടന്റെ പ്രതിഷേധസൂചകമായി ചാൾസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. ഒരിക്കൽ അടച്ചുപൂട്ടിയ തങ്ങളുടെ ഓഫീസ് ബിബിസി കൂടുതൽ വ്യാപകമാക്കി. അടിയന്തരാവസ്ഥക്കാലത്തുടനീളം ഇന്ത്യക്കാർ, ജയിലിനുള്ളിൽ പോലും വിവരങ്ങൾ അറിഞ്ഞത് ബിബിസി വഴിയായിരുന്നു. ഇതേത്തുടർന്ന്, ബിബിസി വാർത്തയുടെ കാര്യത്തിൽ സെൻസർഷിപ്പിന് വിധേയമാക്കണമെന്ന് ന്യൂഡൽഹിയുടെ സമ്മർദ്ദത്താൽ സ്ഥിതിവന്നു. അതോടെ, ഇവിടെ ജീവിക്കാൻ ആഗ്രഹിച്ച കറസ്പോണ്ടന്റ് മാർക്ക് ടൂള്ളിക്ക് രാജ്യം വിട്ടുപോകേണ്ടി വന്നു.

സഞ്‌ജയ്‌ ഗാന്ധി

എതിരായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന വിദേശ പത്രങ്ങൾക്ക് വിലക്ക് കൽപ്പിച്ചു. ശുക്ലയുടെ കീഴിൽ രാജ്യത്തിനകത്തും സെൻസർഷിപ് കർശനമാക്കി. പത്രങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കിംവദന്തികൾ പ്രസിദ്ധീകരിക്കുന്നതും, ഏതെങ്കിലും ഇന്ത്യൻ പത്രമോ വിദേശ മാധ്യമങ്ങളോ പ്രസിദ്ധീകരിക്കുന്ന അധിക്ഷേപകരങ്ങളായ വാർത്തകൾ പുനഃപ്രസിദ്ധീകരിക്കുന്നതും, സർക്കാരിനോട് എതിർപ്പ് ഉണ്ടാക്കാനിടയുള്ളതെന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതും ഇതുപ്രകാരം വിലക്കി. സെൻസർഷിപ് നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്ന കാർട്ടൂണുകൾ, ചിത്രങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയൊക്കെ സെൻസർഷിപ്പിനായി സമർപ്പിക്കണം.

ന്യൂസ് ഏജൻസികളുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് അധിക്ഷേപകരമായ കാര്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ വെട്ടിനീക്കാൻ സംവിധാനം ഉണ്ടാക്കി. വിദേശ വാർത്താ ഏജൻസികൾ പ്രക്ഷേപണത്തിനായി തയാറാക്കുന്നവ പരിശോധിക്കുകയും സൗഹൃദ രാജ്യങ്ങളായ സോവിയറ്റ് യൂണിയന് അധിക്ഷേപകരമായവ ഉണ്ടെങ്കിൽ പോലും അത്തരം റിപ്പോർട്ടുകൾ നശിപ്പിക്കുകയും ചെയ്തു. ജെ പിയുടെ എവെരിമാൻ, പ്രജാനീതി, ജോർജ് ഫെർണാണ്ടസിന്റെ പ്രതിപക്ഷത, പീലു മോദിയുടെ മാർച്ച് ഓഫ് ഇന്ത്യ എന്നിവയുടെ പ്രസിദ്ധീകരണം നിർത്തി വയ്ക്കേണ്ടി വന്നു. ജനസംഘത്തിന്റെ മദർലാൻഡ്, ഓർഗനൈസർ എന്നിവ നിരോധിക്കുകയും ഓഫിസുകൾ പൂട്ടി മുദ്രവയ്ക്കുകയും ചെയ്തു.

പത്രപ്രവർത്തകരെ താൻ 'കൈകാര്യം ചെയ്തു കൊള്ളാമെന്ന് ശുക്ല സഞ്ജയ് ഗാന്ധിക്ക് വാക്ക് കൊടുത്തു. ഗുജ്റാൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടതാണ്. ശുക്ല എല്ലാ പത്രാധിപന്മാരെയും ഡൽഹിയിൽ വിളിച്ചുകൂട്ടുകയും സർക്കാർ ഒരു 'അസംബന്ധവും' സഹിക്കുകയില്ലെന്നും തുറന്നടിച്ചു. അതങ്ങനെത്തന്നെ ആയിരിക്കുമെന്ന് വ്യക്തമാക്കി.

മാർക്ക്‌ ടുള്ളി

അദ്ദേഹം എന്നോട് പറഞ്ഞത്, മുഖപ്രസംഗത്തിലോ ലേഖനത്തിലോ മറ്റെവിടെയെങ്കിലുമോ ശൂന്യമായി സ്ഥലം ഒഴിച്ചിടുന്നതും (ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ പത്രങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന ഒരു രീതിയായിരുന്നു ഇത്) പ്രതിഷേധമായി കണക്കാക്കുമെന്നും പത്രാധിപന്മാരെ അറസ്റ്റു ചെയ്യുമെന്നുമാണ്. അവരിൽ കൂടുതൽ പേരും പരിഭ്രമിച്ചു. പക്ഷേ, ആരും പ്രതിഷേധിച്ചില്ല. അതിനേക്കാളും ഭയങ്കരമായ സംഗതി അവരിൽ ചിലരെങ്കിലും സെൻസർഷിപ്പിനെ അനുകൂലിക്കുന്നവരായിരുന്നുവെന്നതാണ്. ശുക്ല അല്ലാതെ ആരായിരുന്നെങ്കിലും ജാള്യത തോന്നാവുന്ന തീതിയിൽ അവർ സർക്കാരിനെ പുകഴ്ത്തുകയും ചെയ്തു.

പത്രങ്ങൾക്ക് ചാട്ടവാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ക്യാരറ്റ് ഉണ്ടായിരുന്നില്ല. ഇത് നാലാൾ കാണുന്ന രീതിയിൽ നടപ്പാക്കുന്നതിനുവേണ്ടി ഇന്ത്യൻ പോലീസ് സർവീസിലെ കെ എൻ പ്രസാദിനെ തന്റെ വലംകൈ അഥവാ ചാട്ടവാറായി ശുക്ല കൊണ്ടുവന്നു. അദ്ദേഹം സെൻസർമാർക്ക് ഫോണിലൂടെ ഉത്തരവുകൾ നൽകുകയും അവരത് പത്രസ്ഥാപനങ്ങളിൽ ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്യുന്ന ഒരു പുതിയ സമ്പ്രദായം നടപ്പാക്കി.

പക്ഷേ, ജൂൺ 29 ന് പ്രസ് ക്ലബിൽ നൂറോളം പത്രപ്രവർത്തകർ സെൻസർഷിപ്പ് അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് സമ്മേളിക്കുകയും സെൻസർഷിപ്പ് അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ജലന്ധറിലെ ഹിന്ദ് സമാചാറിന്റെ ജഗത് നാര,ഡൽഹിയിലെ 'മദർ ലാൻഡിന്റെ എം ആർ മൽകാനി എന്നിവരെ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഞാൻ പ്രമേയങ്ങളുടെ കോപ്പികൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വാർത്താവിതരണ മന്ത്രിക്കും അയച്ചുകൊടുത്തു.

ഇന്ദിരാഗാന്ധി

വാർത്തയുടെ പേരിൽ വിദേശ പത്രപ്രവർത്തകരെ തീർച്ചയായും അറസ്റ്റ് ചെയ്യാനാവില്ല. പക്ഷേ, അവരെ നാടുകടത്താം. 'സഞ്ജയ് ഗാന്ധിയും അമ്മയും' എന്ന ലേഖനം എഴുതിയ വാഷിങ്ടൺ പോസ്റ്റിന്റെ ലൂയിസ് എം സിമോൻസ് ആണ് ആദ്യമായി നാടുകടത്തപ്പെട്ടത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ ഇന്ത്യ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുമ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരെപ്പോലും അവിശ്വസിക്കുകയും സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾക്കായി തന്റെ വിവാദപുത്രൻ സഞ്‌ജയ്‌ഗാന്ധിയെ ആശ്രയിക്കുകയും ചെയ്യുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീമതി ഗാന്ധിയുടെയും മകന്റെയും ഒപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത ഒരു കുടുംബസുഹൃത്ത് പറഞ്ഞത് സഞ്ജയ് ഗാന്ധി ആറുതവണ അയാളുടെ അമ്മയുടെ മുഖത്ത് അടിക്കുന്നത് കണ്ടുവെന്നും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ്. അവരവിടെ വെറുതെനിന്ന് അടികൊണ്ടു. അവർക്ക് അയാളെ ഭയങ്കര പേടിയാണ്' എന്നാണ് സുഹൃത്ത് പറഞ്ഞത്. 

(അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തതിന്റെ പേരിൽ തടവിലാക്കപ്പെട്ട എഴുത്തുകാരനാണ് കുൽദീപ് നയ്യാർ)

Share